തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം ജനുവരി 9 മുതല്‍ 20 വരെ

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം ജനുവരി 9 മുതല്‍ 20 വരെ

ആലുവ: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം 2020 ജനുവരി 9 രാത്രി 8 മണി മുതല്‍ ജനുവരി 20 രാത്രി 8 മണി വരെ ആഘോഷിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നടതുറപ്പ് ഉത്സവനാളുകളില്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ക്ക് സുരക്ഷിതമായും സൗകര്യപ്രദമായും ദര്‍ശനം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം ലഭ്യമാക്കുന്നതിനായി  ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ജില്ല കളക്ടറുടെയും നേതൃത്വത്തില്‍ തിരുവൈരാണിക്കുളത്തു വകുപ്പുമേധാവികളുടെ യോഗം രണ്ടു വട്ടം വിളിച്ചുകൂട്ടുകയും ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 'ഹരിത കേരളം' പദ്ധതിയുടെ ഭാഗമായി തിരുവൈരാണിക്കുളം പ്രദേശത്ത് ക്ഷേത്ര ട്രസ്റ്റ് തുടക്കമിട്ട 'നാടിനൊപ്പം നന്മയ്‌ക്കൊപ്പം' ശുചിത്വ പരിപാലന യജ്ഞത്തിനു സംസ്ഥാന തലത്തില്‍ ലഭിച്ച സ്വീകാര്യത പരിഗണിച്ച് ഈ വര്‍ഷവും തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായി ആഘോഷങ്ങള്‍ക്കു ഗ്രീന്‍പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തി ശുചിത്വ പരിപാലനം കര്‍ശനമാക്കിയിട്ടുണ്ട്.

തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഈ വര്‍ഷവും ഭക്തജനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ഓണ്‍ലൈന്‍ ക്യൂ ബുക്കിങിന്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടക്കം കുറിച്ചിരുന്നു. 9496505182, 9447351182 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വെര്‍ച്വല്‍ ക്യൂ സംബന്ധിച്ച ഭക്തരുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതിന് വിവിധ സര്‍ക്കാര്‍ ഡിപ്പോകളില്‍ നിന്ന് പ്രത്യേക സര്‍വീസുകള്‍ ഉണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ബസുകള്‍ സര്‍വീസിന് ഉണ്ടാകുമെന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ദിവസവും രാത്രി നടയടക്കും വരെ ക്ഷേത്ര പരിസരത്തുനിന്ന് ബസ് ഉണ്ടാകും. നടതുറപ്പ്, നടയടപ്പ് ദിവസങ്ങളിലും അധിക ബസുകള്‍ ഏര്‍പ്പെടുത്തും. ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരം ക്ഷേത്രത്തിലേക്കുള്ള വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി ചെയ്തു തീര്‍ത്തുവരുന്നു.

ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് 4 വലിയ പാര്‍ക്കിങ് ഗ്രൗണ്ടുകളാണ് ഒരുക്കിയിട്ടുള്ളത്. സൗകര്യപ്രദമായി ക്യൂ നില്‍ക്കുന്നതിന് ഒരേസമയം 25000 പേരെ ഉള്‍ക്കൊള്ളുന്ന പന്തലുകളും ബാരിക്കേഡുകളും തയാറായിട്ടുണ്ട്. ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് വേണ്ട കുടിവെള്ളം ക്യൂവില്‍ തന്നെ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദര്‍ശനത്തിന് എത്തിച്ചേരുന്ന ഭക്തര്‍ക്കായി സൗജന്യ അന്നദാനം ഉണ്ടായിരിക്കും. രാവിലെ 10 മുതല്‍ വൈകിട്ടു വരെ കുത്തരി കഞ്ഞിയും പുഴുക്കും അടങ്ങുന്ന പോഷകാഹാരമാണ് ഒരുക്കുന്നത്. കൂടാതെ പുലര്‍ച്ചെ മുതല്‍ മിതമായ നിരക്കില്‍ ചായയും പലഹാരങ്ങളും ഉള്‍പ്പെടെയുള്ള ടീ സ്റ്റാളും ക്ഷേത്രത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കും.

നടതുറപ്പ് ഉത്സവ ദിനങ്ങളില്‍ ഭക്തര്‍ക്കു നേരിടുന്ന അടിയന്തിര ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഗൗരി ലക്ഷ്മി മെഡിക്കല്‍ സെന്ററിന്റെ ആംബുലന്‍സും ഡോക്ടര്‍മാരും അടക്കമുള്ള മെഡിക്കല്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമായിരിക്കും. ദേവീ പ്രസാദങ്ങളായ അപ്പം, അരവണ നിവേദ്യങ്ങള്‍ തറായാക്കി വരുന്നു. എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ അന്നദാനം നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി മുന്നൂറോളം പോലീസ് ഉദ്യോഗസ്ഥരുടെയും 350 ഓളം പ്രൈവറ്റ് സെക്യൂരിറ്റി ഗാര്‍ഡുകളുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ മുന്നൂറില്‍പരം വാളണ്ടിയേഴ്‌സിനെ വിവിധ ജോലികള്‍ക്കായി നിയോഗിക്കും. വാർത്താ സമ്മേളനത്തില്‍ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി രാതുല്‍ രാം, പ്രസിഡന്റ് അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, വൈസ് പ്രസിഡന്റ് പി.ജി. രാധാകൃഷ്ണന്‍, പബ്ലിസിറ്റി കണ്‍വീനര്‍ കെ.എ. പ്രസൂണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.